BreakingA Christian Apologist Behind Bars: What Happened to Dr. Samaan?
News

അക്രമം പഠിപ്പിച്ചില്ല, വിശ്വാസം പങ്കു വെച്ചു, ഈജിപ്റ്റിൽ കോപ്റ്റിക് പുരോഹിതന് കഠിന തടവ്.

October 7, 2026 · maruppacha

 

കെയിറോ, ഈജിപ്റ്റ്: ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുകയും ചോദ്യങ്ങൾക്ക് ന്യായയുക്ത പ്രതികരണം നൽകിയിരുന്ന ഡോ. ഓഗസ്റ്റിനോസ് സാമാന് അഞ്ചുവർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവ സമൂഹത്തിൽ അറിയപ്പെടുന്ന ക്രൈസ്തവ ന്യായവക്താവും (അപ്പോളജിസ്റ്റും) ഗവേഷകനുമാണ് സാമാൻ. ക്രൈസ്തവ വിശ്വാസം, ഇസ്‌ലാം, താരതമ്യ മതപഠനം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വീഡിയോകൾ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്, വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് ബുദ്ധിമുട്ടുള്ള സംശയങ്ങൾക്ക് ശാന്തമായ മറുപടി നൽകിയിരുന്നുവെന്നാണ്.

2025 ഒക്ടോബറിൽ അദ്ദേഹത്തെ ഈജിപ്ഷ്യൻ അധികാരികൾ അറസ്റ്റ് ചെയ്തിരുന്നു.  മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, പുസ്തകങ്ങൾ, വ്യക്തിപരമായ രേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു. ആദ്യം തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയെങ്കിലും പിന്നീട് “മതത്തെ അവഹേളിക്കൽ”, “സോഷ്യൽ മീഡിയ ദുരുപയോഗം” തുടങ്ങിയ കുറ്റങ്ങളിലേക്ക് കേസ് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ഈജിപ്തിലെ ശിക്ഷാനിയമത്തിലെ Article 98(f) പ്രകാരമാണ് നടപടിയെന്നാണ് പുറത്തുവന്ന വിവരം.

മാസങ്ങളോളം സാമാൻ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിൽ കഴിഞ്ഞു. ഈ കാലയളവിൽ അദ്ദേഹം ശാരീരിക മാനസീക പീഡനത്തിനും വിധേയനായതായി അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സംഘടനകൾ ആരോപിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു.

2026 ജനുവരിയിൽ അദ്ദേഹത്തിന് അഞ്ചുവർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. കേസിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. കുടുംബവും അഭിഭാഷകരും ഒരു സാധാരണ തടങ്കൽ ഹിയറിങ്ങിനായി കോടതിയിലെത്തിയപ്പോഴാണ് സാമാനെ ഇതിനകം വിചാരണ ചെയ്ത് കുറ്റക്കാരനാക്കിയ വിവരം അറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. കേസിന്റെ രേഖകൾ സമയത്ത് ലഭിച്ചില്ലെന്നും പ്രതിഭാഗത്തിന് മതിയായ അവസരം നൽകിയില്ലെന്നും അദ്ദേഹത്തിന്റെ നിയമ അഭിഭാഷകർ ആരോപിക്കുന്നു.

ശിക്ഷയ്‌ക്കെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകർ അപ്പീൽ നൽകിയിട്ടുണ്ട്. സമാധാനപരമായി സ്വന്തം മതവിശ്വാസം പങ്കുവെച്ച ഒരാളെ ജയിലിലടക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരുടെ അഭിപ്രായപ്രകടനങ്ങളെ നിയന്ത്രിക്കാൻ മതനിന്ദാ നിയമങ്ങൾ ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ചും മനുഷ്യാവകാശ സംഘടനകൾ ആശങ്ക അറിയിച്ചു.

സാമാന്റെ കഥ പല ക്രൈസ്തവർക്കും ഏറെ വേദനാജനകമാണ്. പുസ്തകങ്ങളിലൂടെയും വീഡിയോകളിലൂടെയും സംവാദങ്ങളിലൂടെയും തന്റെ വിശ്വാസം വിശദീകരിച്ചിരുന്ന ഒരാൾ ഇന്ന് ജയിലിൽ വർഷങ്ങൾ ചെലവഴിക്കേണ്ടി വരുമെന്ന ഭീഷണിയിലാണ്.

അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും അനുയായികളും മോചനത്തിനായി കാത്തിരിക്കുകയാണ്. കേസ് അന്തിമമായി തീർന്നിട്ടില്ലെങ്കിലും, ഈ സംഭവം ഒരു വലിയ ചോദ്യമാണ് ഉയർത്തുന്നത്: സമാധാനപരമായി സ്വന്തം വിശ്വാസം പങ്കുവെക്കുന്നത് കുറ്റമാകണോ—പ്രത്യേകിച്ച് ആ വിശ്വാസം സമൂഹത്തിൽ ജനപ്രിയമല്ലാത്തതായിരിക്കുമ്പോൾ?

സാമാന്റെ പിന്തുണക്കാർ അദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കി ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. അവരുടെ കണ്ണിൽ, ഇത് ഒരു വ്യക്തിയുടെ കേസ് മാത്രമല്ല; വിശ്വാസസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പരീക്ഷണമാണ്.

Malayalam English Manglish and Hindi Bible Searchend-article