BreakingA Christian Apologist Behind Bars: What Happened to Dr. Samaan?
News

“വാർത്തകൾ നൽകുന്ന ഭയമല്ല, ബൈബിൾ നൽകുന്ന പ്രത്യാശയാണ് വലുത്! ലോകം അവസാനിക്കുന്നു എന്ന് പറയുന്നവർക്ക് അറിയാത്ത ആ രഹസ്യം .”

October 21, 2026 · maruppacha

റവ: ജോർജ് വറുഗീസ് (ഷാജി കാരയ്ക്കൽ)

നമ്മുടെ ലോകത്തിന് ഇതെന്തു പറ്റി? നമുക്ക് ചുറ്റും ഒന്ന് നോക്കിയാൽ മാറ്റങ്ങളുടെ ഒരു സുനാമിയാണ് നമുക്ക് ചുറ്റുമെന്ന് തോന്നുന്നില്ലേ? വെറും വാർത്തകളുടെ ബഹളങ്ങൾ മാത്രമല്ല, ഒരു വല്ലാത്ത അസ്വസ്ഥത മനുഷ്യമനസ്സുകളിൽ നിറയുകയാണ്. മനുഷ്യ ആസ്തിത്വത്തെ തന്നെ വെല്ലുവിളിക്കുന്ന നിർമിതബുദ്ധി(AI), ലോകത്തിന്റെ പല ഭാഗത്തും പൊട്ടിപ്പുറപ്പെട്ട യുദ്ധങ്ങളും, അവസാനമില്ലാത്ത അക്രമങ്ങളും കാണുമ്പോൾ നമ്മളിൽ പലരും ചോദിക്കുന്നത്: “എങ്ങോട്ടാണ് ഈ ലോകം പോകുന്നത്?”

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി, റവ. ഫ്രാങ്ക്ലിൻ ഗ്രഹാം തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ പങ്കുവെച്ചു. അദ്ദേഹം സംസാരിച്ചത് വെറും രാഷ്ട്രീയത്തെക്കുറിച്ചോ സാങ്കേതികവിദ്യയെക്കുറിച്ചോ അല്ല; മറിച്ച്, കാലം നമുക്ക് നൽകുന്ന വലിയൊരു സൂചനയെക്കുറിച്ചാണ്.

നമ്മൾ ഇന്ന് കാണുന്ന ഈ തകർച്ചകളും കലഹങ്ങളും യാദൃശ്ചികമല്ലെന്ന് അദ്ദേഹം പറയുന്നു. വിശുദ്ധ മത്തായി സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, “ജാതി ജാതിയോടും രാജ്യം രാജ്യങ്ങൾക്കെതിരായും” എഴുന്നേൽക്കുന്ന കാലം എത്തിക്കഴിഞ്ഞു. ലോകം ഇന്ന് അനുഭവിക്കുന്ന ഈ വേദനകൾ, യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള മുന്നറിയിപ്പുകളാണ്. ആ വലിയ ദിവസം നമ്മൾ വിചാരിക്കുന്നതിലും എത്രയോ അടുത്തെത്തിക്കഴിഞ്ഞു.

AI-യുടെ വളർച്ചയും ലോകത്തെ നിയന്ത്രിക്കാനുള്ള പുതിയ സംവിധാനങ്ങളും കാണുമ്പോൾ, ബൈബിളിലെ വെളിപാട് പുസ്തകത്തിലെ പ്രവചനങ്ങൾ നമ്മുടെ കൺമുന്നിൽ യാഥാർത്ഥ്യമാകുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

പക്ഷേ, ഈ കാര്യങ്ങൾ കാണുമ്പോൾ കേൾക്കുമ്പോൾ നമ്മൾ ഭയപ്പെടണമെന്നാണോ അദ്ദേഹം പറയുന്നത്? ഒരിക്കലുമല്ല!

ഇവിടെയാണ് ഏറ്റവും വലിയ പ്രത്യാശ നമ്മെ ഭരിക്കേണ്ടത്. ലോകം ഇരുളിലേക്ക് നീങ്ങുമ്പോൾ, പ്രകാശത്തിന്റെ സമയം അടുത്തെത്തി എന്നാണ് അർത്ഥം. ഈ ലോകം തകരുമ്പോൾ, ശ്രീയേശുവിൽ വിശ്വസിക്കുന്നവർക്ക് വലിയ രക്ഷയുണ്ട്. ക്രിസ്തുവിന്റെ മടങ്ങിവരവ് വിനാശകരമല്ല, മറിച്ച് സ്നേഹനിധിയായ നമ്മുടെ ദൈവത്തിലേക്കുള്ള പിതാവിങ്കലേക്കുള്ള മടക്കയാത്രയാണ്.

അതുകൊണ്ട്, വാർത്തകൾ കണ്ട് ഭയന്ന് വിറച്ചുനിൽക്കാതെ, നമ്മുടെ ജീവിതത്തിൽ ഒന്ന് തിരിഞ്ഞു നോട്ടം നടത്താൻ ഫ്രാങ്ക്ലിൻ ഗ്രഹാം നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ബലിയർപ്പിതനായി മരിച്ച് അടക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ് തന്നിൽ വിശ്വസിക്കുന്നവരെ സ്വർഗസന്നിധിയിലേക്ക് ചേർക്കാൻ മടങ്ങിവരുന്ന അവിടുത്തെ വലിയ ദിവസത്തിനായി നാം ഒരുങ്ങിയിട്ടുണ്ടോ? നമ്മുടെ ഹൃദയങ്ങൾ ആ വലിയ വരവിനായി തുടിക്കുന്നുണ്ടോ?

ലോകം ഇളകിക്കൊണ്ടിരിക്കാം, പക്ഷേ ഇളകാത്ത ഒരു പാറയുണ്ട്—ആർക്കും ഒന്നിനും ഇളക്കാൻ കഴിയാത്ത നമ്മുടെ ക്രിസ്തുവിശ്വാസം. ചുറ്റുമുള്ള കൊടുങ്കാറ്റുകളിലേക്ക് നോക്കാതെ, ആകാശത്തേക്ക് നോക്കാം… കാരണം, നമ്മുടെ രക്ഷകൻ ഇങ്ങടുത്ത് എത്താറായി. ലോകസംഭവങ്ങൾ അടയാളങ്ങളായി നമുക്ക് നൽകുന്ന സന്ദേശം ഏറ്റെടുത്ത് ദൈവപുത്രനേ എതിരേൽക്കാൻ നമുക്ക് ഒരുങ്ങാം!!

Source: maruppacha.com

Malayalam English Manglish and Hindi Bible Searchend-article