BreakingA Christian Apologist Behind Bars: What Happened to Dr. Samaan?
News

പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് 4K പതിപ്പ് തിയേറ്ററുകളില്‍

September 13, 2026 · maruppacha

യേശുവിന്റെ പീഡാനുഭവരംഗങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് ചിത്രത്തിന്റെ 4K പതിപ്പ് വീണ്ടും തീയേറ്ററുകളിലെത്തുന്നു. യുഎസില്‍ സെപ്റ്റംബര്‍ 10-17 വരെയാണ് 4K റെസല്യൂഷനിലേക്കും ഡോള്‍ബി അറ്റ്മോസ് ശബ്ദത്തിലേക്കും മാറ്റിയ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് 2004ല്‍ റിലീസ് ചെയ്ത ഈ മാസ്റ്റര്‍പീസ് ചിത്രം ബിഗ് സ്‌ക്രീനില്‍ പുനര്‍പ്രദര്‍ശനത്തിനെത്തുന്നത്. യേശുക്രിസ്തുവിന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളെ അതിന്റെ തീവ്രത ചോരാതെ ദൃശ്യവല്‍ക്കരിച്ച ചിത്രം, റെക്കോര്‍ഡ് കളക്ഷന്‍ നേടിയതിനൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസികളിലും അവിശ്വാസികളിലും വലിയ സ്വാധീനം ചെലുത്തിയിരുന്നു. ജിം കാവിസെല്‍ എന്ന നടന്‍ യേശുവായി വേഷമിട്ട ഈ ചിത്രം, ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആര്‍-റേറ്റഡ് ചിത്രമെന്ന റെക്കോര്‍ഡ് രണ്ട് പതിറ്റാണ്ടോളമാണ് നിലനിര്‍ത്തിയത്.

മേയ് 6, 2027-ല്‍ പുറത്തിറങ്ങുന്ന ‘ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിന് മുന്നോടിയായാണ് കൂടുതല്‍ ദൃശ്യ ശ്രാവ്യ മികവോടെ പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ‘ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ ബിഹൈന്‍ഡ്-ദി-സീന്‍ ചിത്രീകരണ ദൃശ്യങ്ങളും ഈ പ്രദര്‍ശനത്തോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മനുഷ്യകുലത്തെ മുഴുവന്‍ രക്ഷയിലേക്ക് നയിച്ച യേശുവിന്റെ പീഡാസഹത്തിന്റെ ഈ ചരിത്രകഥ വീണ്ടും വെള്ളിത്തിരയില്‍ പ്രകാശിക്കുമ്പോള്‍, അത് പുതുതലമുറയെ ആഴമായി സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Source: maruppacha.com

Malayalam English Manglish and Hindi Bible Searchend-article