അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ഗുരുതരപരുക്ക്, ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട്ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുകയാണ്. എന്നാൽ അമിതമായ ഫോൺ ഉപയോഗം എത്രത്തോളം അപകടകരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് പ്രശസ്ത നടി ഷക്കീല. അമിതമായ മൊബൈൽ ഫോൺ ഉപയോഗം കാരണം കഴുത്തിന് ഗുരുതരമായ പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്ന അനുഭവം അടുത്തിടെയാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചത്. ∙ മൂന്ന് ലക്ഷത്തിന്റെ ശസ്ത്രക്രിയ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഷക്കീല, കഴുത്തിൽ നെക്ക് കോളർ ധരിച്ചുകൊണ്ടാണ് തന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദീകരിച്ചത്. കഴുത്തിലെ ഞരമ്പുകളെ ബാധിച്ച ഗുരുതരമായ പ്രശ്നം പരിഹരിക്കാൻ വലിയൊരു ശസ്ത്രക്രിയ തന്നെ വേണ്ടിവന്നു. മൂന്ന് ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയയ്ക്കായി ചെലവായത്. സുഖം പ്രാപിച്ചുവരുന്ന ഈ വേളയിൽ, ലളിതമായ ദൈനംദിന കാര്യങ്ങൾക്ക് പോലും മറ്റുള്ളവരുടെ സഹായം തേടേണ്ട അവസ്ഥയിലാണ് താനെന്നും താരം പറഞ്ഞു. ∙ വില്ലനായത് ഫോൺ വർഷങ്ങളായി താൻ തുടർന്നുവന്ന തെറ്റായ ഫോൺ ഉപയോഗ രീതിയാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് ഷക്കീല വ്യക്തമാക്കുന്നു. മണിക്കൂറുകളോളം ഒരു വശത്തേക്ക് ചെരിഞ്ഞുകിടന്നാണ് ഫോൺ ഉപയോഗിച്ചിരുന്നത്. തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിമുകൾ കളിക്കുമായിരുന്നു. ഇടയ്ക്ക് ഒരു ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് വിശ്രമം എടുത്തിരുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും റീലുകളും ഷോട്ട്സുകളും കാണുന്നതിനും മണിക്കൂറുകൾ ചെലവഴിച്ചു. ദീർഘനേരം ഒരേ കിടപ്പിൽ തുടരുകയും കഴുത്തിലെ ഞരമ്പുകൾക്ക് അമിതമായ സമ്മർദം നൽകുകയും ചെയ്തതാണ് ഒടുവിൽ ശസ്ത്രക്രിയ എന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ∙ ‘അനാവശ്യ വിഡിയോകൾ കാണരുത്’ തനിക്കുണ്ടായ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ആരാധകർക്കും രക്ഷിതാക്കൾക്കുമായി ശക്തമായ ഉപദേശമാണ് ഷക്കീല നൽകുന്നത്. കുട്ടികൾക്ക് ഗാഡ്ജെറ്റുകൾ നൽകുന്നതിന് മുൻപ് മാതാപിതാക്കൾ ചിന്തിക്കണമെന്നും, കുട്ടികളുടെ സ്ക്രീൻ ടൈം കർശനമായി നിയന്ത്രിക്കണമെന്നും താരം അഭ്യർഥിച്ചു.’ഞാൻ അടുത്തിടെ ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയയായി. വളരെ ഗുരുതരമായ ഒരു കാര്യമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഫോൺ വളരെ ഉപകാരപ്രദമായ ഒരു വസ്തുവാണ്, എന്നാൽ അത് ആവശ്യത്തിലധികം ഉപയോഗിക്കരുത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം മൊബൈൽ ഉപയോഗിക്കുക. എന്റേത് ഉൾപ്പെടെയുള്ള അനാവശ്യ വിഡിയോകൾ കാണുന്നത് ഒഴിവാക്കുക, ഉപയോഗപ്രദമായവ മാത്രം കാണുക. അല്ലെങ്കിൽ മൂന്ന് ലക്ഷം രൂപ നഷ്ടപ്പെടും എന്ന് മാത്രമല്ല, അസഹനീയമായ വേദനയും സഹിക്കേണ്ടി വരും’, ഷക്കീല പറഞ്ഞു. ∙ അഭിനയ ജീവിതം 1990-കളുടെ തുടക്കത്തിലാണ് ഷക്കീല തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ‘കിന്നാരത്തുമ്പികൾ’ എന്ന ചിത്രം വമ്പൻ ഹിറ്റായതോടെ കേരളത്തിൽ ‘ഷക്കീല തരംഗം’ എന്നറിയപ്പെടുന്ന ഒരു കാലഘട്ടത്തിന് തന്നെ തുടക്കമായി. പിൽക്കാലത്ത് ബോൾഡ് കഥാപാത്രങ്ങളിൽ നിന്ന് മാറി സ്വഭാവ നടിയായും ഹാസ്യനടിയായും തെന്നിന്ത്യൻ സിനിമയിൽ അവർ ശക്തമായ തിരിച്ചുവരവ് നടത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങളിൽ ഷക്കീല തിളങ്ങി. മോഹൻലാലിനൊപ്പം ഛോട്ടാ മുംബൈയിലും, പൃഥ്വിരാജിനൊപ്പം തേജ ഭായ് ആൻഡ് ഫാമിലി എന്ന ചിത്രത്തിലും ഷക്കീല അഭിനയിച്ചു. ദളപതി വിജയ്യിക്കൊപ്പം അഴകിയ തമിഴ് മകൻ, ജീവയ്ക്കൊപ്പം ശിവ മനസ്സുല ശക്തി, കൂടാതെ മറു മലർച്ചി, ജയം, മൊണാലിസ, ബംഗാരം, ബോസ് എങ്കിര ഭാസ്കരൻ, വാസുവനും ശരവണനും ഒന്ന പടിചവങ്ങാ, മദഗജരാജ തുടങ്ങി നിരവധി ചിത്രങ്ങളിലും ഷക്കീല തിളങ്ങി.
Source: manoramaonline.com

