ടെലിവിഷൻ സുവിശേഷകൻ ജിം ബേക്കർ നിത്യതയിൽ
റവ: ജോർജ് വർഗീസ് (ഷാജി കാരയ്ക്കൽ)
സ്പ്രിംഗ്ഫീൽഡ് മിസ്സോറി: ടെലിവിഷൻ രംഗത്തെ സുവിശേഷ സാധ്യതകൾ പ്രയോജനപ്പെടുത്തി ലോകമെമ്പാടും സുവിശേഷമെത്തിക്കുന്നതിൽ മുൻനിരക്കാരനും പിടിഎൽ ക്ലബ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ജിം ബേക്കർ 86-ാം വയസ്സിൽ നിത്യതയിൽ.
ഭാര്യ ലോറി ബേക്കറാണ് വിയോഗവാർത്ത ലോകത്തോട് പങ്ക് വെച്ചത്. “തകർന്ന ഹൃദയത്തോടെയാണ് ഞാൻ ഈ വാർത്ത പങ്കുവെക്കുന്നത്… എന്റെ പ്രിയതമൻ ജിം ബേക്കർ ഇന്ന് വൈകുന്നേരം കർത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി.
കഴിഞ്ഞ 66 വർഷമായി, തന്റെ ജീവിതം മുഴുവൻ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാനായി ജിം സമർപ്പിച്ചു. ക്രിസ്തീയ ടെലിവിഷൻ രംഗത്ത് അദ്ദേഹം ഒരു മുൻഗാമിയായിരുന്നു…മനുഷ്യരെ അഗാധമായി സ്നേഹിച്ച വ്യക്തിയായിരുന്നു ജിം. തന്റെ ശുശ്രൂഷയെയും, വർഷങ്ങളോളം കൂടെ നിന്ന സുഹൃത്തുക്കളെയും പങ്കാളികളെയും അദ്ദേഹം വളരെ സ്നേഹിച്ചു. തന്റെ അവസാന നിമിഷങ്ങളിൽ പോലും, ദൈവത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സുവിശേഷം ലോകമെങ്ങും എത്തണമെന്ന ആഗ്രഹവുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ…വിശ്വാസത്തോടെ തന്റെ ഓട്ടം പൂർത്തിയാക്കി ജിം യാത്രയായിരിക്കുന്നു. അദ്ദേഹത്തിന്റെ ശബ്ദവും ദർശനവും പകർന്നു നൽകിയ മാതൃകകളും ഒരിക്കലും വിസ്മരിക്കപ്പെടില്ല.”
ഒഴിഞ്ഞു കിടക്കുന്ന ജിം ബേക്കറിന്റെ കസേര വലിയൊരു ശൂന്യതയാണ്… പക്ഷേ ജിം ബേക്കർ ഇവിടെ അവശേഷിപ്പിച്ചു പോയ ഓർമ്മകൾക്ക് വലിയ ശബ്ദമുണ്ട്.
നാം ജീവിതത്തെ അളക്കുന്നത് ആയുസ്സിന്റെ ദൈർഖ്യം നോക്കിയാണ്. എന്നാൽ ജിം ബേക്കറിന് കണക്കുകൾ വ്യത്യസ്തമായിരുന്നു. അദ്ദേഹം വർഷങ്ങൾ എണ്ണിയല്ല, മറിച്ച് ഓരോ വർഷവും അർത്ഥവത്തായ രീതിയിൽ ജീവിച്ചു തീർത്തതാണ്. ഏറെ വിവാദങ്ങളും ഉയർച്ച താഴ്ചകളും നിറഞ്ഞതായിരുന്നു ബേക്കറിന്റെ ജീവിതവും ശുശ്രൂഷയും. എന്നാൽ വീഴ്ചകളിൽ നിന്ന് എഴുന്നേൽക്കാനും ഓട്ടം തുടരാനും അദ്ദേഹം കാട്ടിയ ആർജവം ആയിരങ്ങൾക്ക് കരുത്തായി.
കല്ലും മരവും ഉപയോഗിക്കാതെ, സ്നേഹത്തിലൂടെയും കരുതലിലൂടെയും അദ്ദേഹം ഒരുപാട് മനുഷ്യരെ കൂട്ടിയിണക്കി തുടങ്ങിയ അദ്ദേഹത്തിന്റെ യാത്രാവഴി ആയിരക്കണക്കിന് ജീവിതങ്ങളെ തൊട്ടുണർത്തി.
അദ്ദേഹം വെറുമൊരു പ്രസംഗകനായിരുന്നില്ല. “മഴയത്ത് നടന്ന് ഒരു അപരിചിതനെ സഹായിക്കാൻ അദ്ദേഹം കാണിച്ച മനസ്സ്” നമ്മെ അത്ഭുതപ്പെടുത്തും. ലോകം ശ്രദ്ധിക്കാത്ത ഇടങ്ങളിൽ, തകർന്നുപോയ മനുഷ്യർക്കൊപ്പം അവർക്ക് താങ്ങായി നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ സ്വാധീനം വലിയ വേദികളിലോ കൈയടികളിലോ ആയിരുന്നില്ല; മറിച്ച്, അദ്ദേഹത്തിന്റെ വാക്കുകളാൽ ജീവിതം തിരികെ കിട്ടിയവരുടെ നിശബ്ദമായ നന്ദിയിലായിരുന്നു. വലിയ സ്ഥാനങ്ങളിലല്ല, മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നതിലാണ് യഥാർത്ഥ സേവനമെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു.
ജിം ബേക്കർ ബാക്കിയാക്കിയ വലിയ പാഠമിതാണ്: നിരുപാധികമായി സ്നേഹിക്കുക, പ്രതിഫലം ഇച്ഛിക്കാതെ സേവിക്കുക.
ദൗത്യം പൂർത്തിയാക്കിയ ജിം മറ്റുള്ളവരുടെ മനസ്സിൽ കൊളുത്തിയ പ്രതീക്ഷയുടെ വെളിച്ചം ഇനിയും കെടാതെ തുടരും.


