BreakingA Christian Apologist Behind Bars: What Happened to Dr. Samaan?
News

നൂറിന്റെ നിറവിൽ ബഥേൽ ബൈബിൾ കോളേജ്; ശതാബ്ദി ആഘോഷങ്ങൾക്ക് സെപ്. 26-ന് തുടക്കം

September 26, 2026 · maruppacha
ഒരു നൂറ്റാണ്ടിന്റെ വേദശാസ്ത്ര വിദ്യാഭ്യാസ പാരമ്പര്യം; ശതാബ്ദി സമ്മേളനം റവ. ഡോ. ടി. ജെ. സാമൂവൽ ഉദ്ഘാടനം ചെയ്യും

പുനലൂർ: ഇന്ത്യയിലെ വേദശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് നൂറുവർഷത്തെ പാരമ്പര്യം പൂർത്തിയാക്കുന്ന ബഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് 2026 സെപ്റ്റംബർ 26-ന്, ശനിയാഴ്ച രാവിലെ 9.30-ന് തുടക്കമാകും. പുനലൂരിലെ ബഥേൽ ബൈബിൾ കോളേജ് ക്യാമ്പസിൽ നടക്കുന്ന ശതാബ്ദി ഉദ്ഘാടന സമ്മേളനം റവ. ഡോ. ടി. ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും.

സമർപ്പിത മിഷനറി റവ. ജോൺ എച്ച്. ബർജസ്സ്  1927-ൽ മാവേലിക്കരയിൽ സ്ഥാപിച്ച ബഥേൽ ബൈബിൾ കോളേജ് നൂറുവർഷം പിന്നിടുകയാണ്. ബഥേൽ ബൈബിൾ സ്കൂൾ എന്നായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ പേര്. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ  വേദശാസ്ത്ര വിദ്യാഭ്യാസത്തിലും  ക്രിസ്തീയ ശുശ്രൂഷാ പരിശീലനത്തിലും ബഥേൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി വരുന്നു. സെനറ്റ് ഓഫ് സെറാമ്പൂർ കോളേജ് (യൂണിവേഴ്സിറ്റി)യുടെ അംഗീകാരമുള്ള വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ബഥേൽ ബൈബിൾ കോളേജ്, ഇന്ത്യയിലെ വേദശാസ്ത്ര വിദ്യാഭ്യാസ ചരിത്രത്തിൽ നൂറുവർഷം പൂർത്തിയാക്കുന്ന പെന്തക്കോസ്ത് സ്ഥാപനമെന്ന നിലയിൽ ചരിത്ര പ്രാധാന്യം നേടിയിട്ടുണ്ട്.

“ക്രിസ്തുവിനെ അറിയുവാനും ക്രിസ്തുവിനെ അറിയിക്കുവാനും” (To Know Christ and Make Him Known)  എന്ന ദൗത്യവാക്യത്തിലൂന്നി, ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വേദശാസ്ത്ര വിദ്യാഭ്യാസം നൽകുന്നതിനും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സുവിശേഷ ദൗത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുന്നതിനും ബഥേലിന് സാധിച്ചിട്ടുണ്ട്. ബഥേലിൽനിന്ന് പരിശീലനം നേടിയവർ സഭാശുശ്രൂഷ, സുവിശേഷീകരണം, മിഷൻ പ്രവർത്തനം, അധ്യാപനം, സഭാനേതൃത്വം തുടങ്ങി വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചുവരുന്നു. ബഥേലിന്റെ പ്രായോഗിക ശുശ്രൂഷാ വിഭാഗമായ HMCയുടെ പ്രവർത്തനങ്ങളിലൂടെ ഒട്ടനവധി സഭകൾ സ്ഥാപിതമായിട്ടുണ്ട്.

ഇന്ത്യയിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആദ്യത്തെ സ്ഥാപനമായ ബഥേൽ ബൈബിൾ കോളേജ്, അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത് അസംബ്ലീസ് ഓഫ് ഗോഡ് ആരംഭിച്ച ആദ്യത്തെ വേദശാസ്ത്ര പഠനശാല കൂടിയാണ്. വിശ്വാസസമൂഹം സ്നേഹപൂർവം “കുന്നിൻപുറം” എന്ന് വിളിക്കുന്ന പുനലൂരിലെ മുസാവരി കുന്നിൽ ബഥേൽ പ്രവർത്തിക്കുന്നു. ക്രമീകൃതമായ വേദശാസ്ത്ര പഠനം, ആത്മീയ വളർച്ച, ചിട്ടയായ ജീവിതം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പരിശീലന പാരമ്പര്യമാണ് ബഥേലിന്റേത്.

നിലവിൽ സെനറ്റ് ഓഫ് സെറാമ്പൂർ കോളേജ് (യൂണിവേഴ്സിറ്റി)യുടെ അംഗീകാരമുള്ള B.Th, B.D. റെഗുലർ കോഴ്സുകളോടൊപ്പം കോളേജിന്റെ വിവിധ റെഗുലർ, ഓൺലൈൻ കോഴ്സുകളും നിലവിലുണ്ട്.

കാലഘട്ടത്തിന്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ്, ക്രമീകൃതമായ വേദശാസ്ത്ര വിദ്യാഭ്യാസത്തിലൂടെ ശുശ്രൂഷയ്ക്കായി വേദശാസ്ത്ര വിദ്യാർഥികളെ സജ്ജമാക്കുന്നതിലും ബഥേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വേദശാസ്ത്രപരമായ അറിവിനോടൊപ്പം ആത്മീയ രൂപീകരണത്തിനും പ്രായോഗിക ശുശ്രൂഷാ പരിശീലനത്തിനും ബഥേൽ എക്കാലവും പ്രാധാന്യം നൽകുന്നു.

കഴിഞ്ഞ നൂറുവർഷത്തെ ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് നന്ദി അർപ്പിക്കുവാനും, ദൗത്യനിർവഹണത്തിൽ കൂടുതൽ സമർപ്പിതരാകുവാനും, പുതിയ ദർശനത്തോടെ മുന്നേറുവാനുമുള്ള അവസരമായാണ് ശതാബ്ദി വർഷത്തെ ബഥേൽ കാണുന്നത്. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുവിന്റെ സുവിശേഷം ഫലപ്രദമായി അറിയിക്കുന്നതിനായി പുതിയ തലമുറയെ ഒരുക്കുക എന്നതാണ് മുന്നിലുള്ള പ്രധാന ദൗത്യം. വേദശാസ്ത്ര വിദ്യാഭ്യാസത്തിലും ശുശ്രൂഷാ പരിശീലനത്തിലും കൂടുതൽ ശക്തമായി മുന്നോട്ടുപോകുന്നു. 

ശതാബ്ദി വർഷത്തിന്റെ ഉദ്ഘാടന ദിനത്തിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ലേഡീസ് ഹോസ്റ്റൽ, ശതാബ്ദി ഗേറ്റ് & റോഡ് തുടങ്ങിയ പദ്ധതികൾക്കു ആരംഭം കുറിക്കും. ബഥേലിലെ പൂർവവിദ്യാർഥികളുടെ സ്നേഹസമ്മാനമാണ് ശതാബ്ദി ഗേറ്റും പുതിയ റോഡും. കോളേജിന്റെ ഭാവി വികസനത്തിനും വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെ കൂടുതൽ ഫലപ്രദമായ മുന്നേറ്റത്തിനും ഈ പദ്ധതികൾ സഹായകരമാകും.

വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെയും സുവിശേഷ ദൗത്യത്തിന്റെയും മേഖലകളിൽ ബഥേൽ ബൈബിൾ കോളേജ് നൽകിയ സംഭാവനകളെ അനുസ്മരിക്കുന്ന ഈ ചരിത്ര നിമിഷത്തിൽ, സഭാ നേതാക്കൾ, ശുശ്രൂഷകർ, പൂർവവിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ, വിശ്വാസസമൂഹം എന്നിവരുടെ സാന്നിധ്യവും പ്രാർത്ഥനയും സഹകരണവും കോളേജ് അഭ്യർഥിക്കുന്നു. 2027 ഏപ്രിൽ 21, 22 തീയതികളിലാണ് ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം.

കഴിഞ്ഞ നൂറുവർഷത്തെ ദൈവത്തിന്റെ വിശ്വസ്തത ആഘോഷിക്കുകയും വരും തലമുറകളിലേക്കുള്ള ശുശ്രൂഷയ്ക്കായി പുതിയ ദർശനത്തോടെ മുന്നേറുകയും ചെയ്യുന്ന ബഥേലിന്റെ ശതാബ്ദി ആഘോഷങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം സംഘാടകർ അഭ്യർഥിക്കുന്നു.

Malayalam English Manglish and Hindi Bible Searchend-article